Friday, June 13, 2008

Travel story by Navas Padoor (Rasalkhaima-1)
ഈന്തപ്പനകളുടെ നാട്ടിലൂടെ : ഭാഗം ഒന്ന്

ഈ വെള്ളിയാഴ്ച്ച - അതായത് ഞങ്ങള്‍ഗള്‍ഫ് പ്രവാസികളുടെ ഞായറാഴ്ച - ഞങ്ങള്‍ മൂന്നുപേര്‍ നടത്തിയ അത്യന്തം രസാവഹമായ ഒരു യാത്രയെക്കുറിച്ചാണ് ഇക്കുറി നിങ്ങളോട് പറയുന്നത്.
‍യഥാര്‍ത്ഥത്തില്‍ അതൊരു വിനോദയാത്ര ആയിരുന്നില്ല, അതങ്ങനെ പറ്റിപ്പോയതാണ്. ഇവിടത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആകെ ലഭിക്കുന്ന ഒഴിവു ദിനങ്ങളാണ് വെള്ളിയാഴ്ച്ചകള്‍. ഇവിടത്തുകാരുടെ ഓണവും , വിഷുവും, ക്രിസ്തുമസ്സും എന്നു വേണ്ട പിറന്നാളും, വിവാഹ വാര്‍ഷികവും വരെ എല്ലാം വെള്ളിയാഴ്ച്ച ആയിരിക്കും ആഘോഷിക്കപ്പെടുന്നത്.അറബ് നാടാണെന്നു പറഞ്ഞിട്ടു കാര്യമില്ല, പലര്‍ക്കും പെരുന്നാള്‍ പോലും വെള്ളിയാഴ്ച്ചയാണ് ! ഇത് ഞാന്‍ അതിശയോക്തിക്കായി എഴുതിയതല്ല, അനുഭവമാണ്.ഞാന്‍ ഖത്തറില്‍ ഉള്ളപ്പോള്‍ ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഈദ് മീറ്റ് ഉണ്ടായിരുന്നു.(അതിനെക്കുറിച്ച് ഈ ബ്ലൊഗില്‍ മുന്‍പ് എഴുതിയിട്ടുണ്ട് - സൌഹൃദസംഗമം കാണുക).അന്ന് ചില സുഹൃത്തുക്കളെക്കുറിച്ച് അന്യേഷിച്ചപ്പോഴാണ് വേദനിപ്പിക്കുന്ന ആ സത്യം അറിഞ്ഞത്- അവര്‍ ഡ്യൂട്ടിയിലാണ്!ഇവിടത്തെ കാര്യം അത്രയേ ഉള്ളൂ.ജോലി കഴിഞ്ഞേ ഉള്ളൂ എന്തും , ‘ഡ്യൂട്ടി ഫസ്റ്റ്!‘ എന്നല്ല ‘ഡ്യൂട്ടി ഈസ് ഫസ്റ്റ് ആന്റ് ലാസ്റ്റ്!!‘ ഭൂരിഭാഗം പ്രവാസികളുടെ അവസ്ഥയും ഇതു തന്നെ.

എന്തിന് ഇപ്പോ ഇത്രയും കാടു കയറി എന്നായിരിക്കും നിങ്ങള്‍ആലോചിക്കുന്നത്-അല്ലെ. കാര്യമുണ്ട് , ഒന്നല്ല രണ്ട് കാര്യം.കാര്യം ഒന്ന് : ഒരു ഹര്‍ത്താലോ, സമരമോ, ലോക്കല്‍ നേതാവിന്റെ , ‘അത്യഗാധ ദുഖ നിര്‍ഭരമായ ‘ നിര്യാണമോ ജോലിക്കുപോകാതെ പുതപ്പിനുള്ളില്‍ ചുരുളാനോ, ചായക്കടയിലെ ‘വെടി വഴിപാടിന്’ മരുന്ന് നിറയ്കാനോ മതിയായ കാരണമായി, ന്യായമായും കണക്കാക്കപ്പെടുന്ന കേരള ഭൂമിയില്‍ നിന്നും വന്നവര്‍, ഇവിടെ എങ്ങനെ പണിയെടുക്കുന്നു എന്ന് അറിയിക്കുക.കാര്യം രണ്ട് : ഞങ്ങളും മറ്റനേകം പ്രവാസികളെപ്പോലെ, അറബികളുടെ ഈ ‘ഞായറാഴ്ച്ച‘ ദിവസം ‘വീണുകിട്ടിയ‘ ഒരു ഡ്യൂട്ടി ആഘോഷമാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പ്രിയപ്പെട്ട വായനക്കാരെ ബോധ്യപ്പെടുത്തുക.

എന്തായാലും എനിക്ക് അന്ന് ഡ്യൂട്ടി ഇല്ലായിരുന്നു.പക്ഷെ, യു.ഏ.ഇ എന്നുവച്ചാ‍ല്‍ അജ്മാനും , ഷാര്‍ജയും മാത്രമാണെന്ന എന്റെ ‘അറിവ്‘ ഇനിയെങ്കിലും എഡിറ്റ് ചെയ്യാന്‍ നേരമായി എന്നെനിക്ക് തോന്നാന്‍ തുടങ്ങിയിട്ട് കാലം ഇശ്ശി ആയി. ’നവാസ് യു.ഏ.ഇ കണ്ടതുപോലെ’ എന്ന് ഭാവിതലമുറ പറയരുതല്ലോ (അന്ധന്‍മാര്‍ കണ്ട ആനയോട് കടപ്പാട്). അതുകൊണ്ടു തന്നെ ഫുജൈറ, അലൈന്‍, റാസല്‍ഖൈമ തുടങ്ങിയ യു.ഏ.ഇ യിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ കാണാനുള്ള ആദ്യത്തെ അവസരവും പാര്‍ത്തിരിക്കുകയായിരുന്നു ഞാന്‍. (റസൂല്‍ ഖൈമ - പ്രവാചകന്റെ തമ്പ്- എന്നത് വിദേശ ടൂറിസ്റ്റുകള്‍ക്കു മുന്‍പില്‍ ‘നന്നാക്കി‘ കാണിക്കാന്‍ റാസല്‍ ഖൈമ ആക്കിയതാണെന്ന് ഒരു ‘ഞെരുമ്പിരായിരം’ പറഞ്ഞു കേട്ടിട്ടുണ്ട്.അസൂയക്കാര്‍ക്ക് എന്താ പറഞ്ഞു കൂടാത്തത് - അല്ലെ).പോരാത്തതിന് ഓരോ പ്രാവശ്യവും ഇവിടങ്ങളിലൊക്കെ പോയി വരുന്ന കമ്പനി ഡ്രൈവര്‍മാരുടെ യാത്രാ വര്‍ ണ്ണനകള്‍ എന്നെ ഈ പ്രദേശങ്ങളുടെ ഒരു ‘ഫാന്‍’ ആക്കി മാറ്റിയിരുന്നു.അതു കൊണ്ടാണ് ഇപ്രാവശ്യം ഇബ്രാഹീമിന് വെള്ളിയാഴ്ച ഫുജൈറയിലെ റൊട്ടാന ഹോട്ടലില്‍ ഡെലിവറി ഉണ്ട് എന്നറിഞ്ഞപ്പോഴേ ഞാന്‍ ഒരു ‘സീറ്റ് ബുക്ക് ‘ ചെയ്തത്. അങ്ങനെ , യു.ഏ.ഇ എന്ന ‘ദുനിയാവിന്റെ‘ , ഒരറ്റത്തേയ്ക്ക് (കെ.വി.അഹമ്മദ് പാടൂരിനോട് കടപ്പാട്) ഞങ്ങള്‍ മൂന്നുപേര്‍ - ഇബ്രാഹീം എന്ന ഡ്രൈവര്‍ഃ , ഇബ്രാഹീം, ‘ബംഗാളി‘ എന്ന് പേരിട്ട് വിളിക്കുന്ന, മലയാളിയായ നൌഷാദ്, പിന്നെ വിനീതനായ ഈ ഞാനും നടത്തിയ യാത്രയുടെ പശ്ചാത്തലം ഇതാണ്.

ഞങ്ങളുടെ യാത്ര, വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു.ഞാനും ഇബ്രാഹീമും കൂടി നൌഷാദ് താമസിക്കുന്ന സ്ഥലത്തേയ്ക്ക് പോയി.അല്‍പ്പ സമയം കാത്തു നിന്നപ്പോള്‍ നൌഷാദ് വന്നു.ക്ലീന്‍ ഷേവ് ചെയ്തിട്ടുണ്ട്.മുഖത്ത് നന്നായി ടാല്‍ക്കം പൌഡര്‍ പൂശിയിരിക്കുന്നു.

“ആ പൌഡര്‍ കറ്ത്ത് പോയ്റ്റിണ്ടായ്ക്കാരം..!” - വന്ന പാടേ ഇബ്രാഹീമിന്റെ കമന്റ്..!

നൌഷാദിന്റെ ‘ഗ്യാരണ്ടി കളറി‘നെ ഒന്നു കളിയാ‍ക്കിയതാണ് ഇബ്രാഹീം.പക്ഷെ , നൌഷാദിന് ഭാവവ്യത്യാസമൊന്നും ഇല്ല.കാരണം, നൌഷാദ് ഒടുക്കത്തെ ‘ഗ്ലാമര്‍‘ ആണെന്നുള്ളതിന് അവന്റെ പക്കല്‍ ഒരു തെളിവുണ്ട് - ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത, വെളുത്ത് സുന്ദരനായ അവന്റെ ഫോട്ടോ ! ആ ഫോട്ടോ എഡിറ്റ് ചെയ്തപ്പോള്‍ കമ്പ്യൂട്ടറിലെ കളറെല്ലാം തീര്‍ന്നു പോയെന്ന് ചിലര്‍ കുശുമ്പ് പറഞ്ഞ് നടക്കുന്നതൊന്നും നൌഷാദിനെ ഏശിയിട്ടില്ല കേട്ടോ. എന്തായാലും നൌഷാദിനെ വെളുപ്പിച്ചെടുത്ത ആ മഹാനെ ഒന്ന് അഭിനന്ദിക്കണം!

അങ്ങനെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.ആദ്യം പോയത് റാസല്‍ഖൈമയിലേയ്ക്കാണ്.അവിടെ നൌഷാദിന്റെ ഒരു കൂട്ടുകാരനെ കാണാന്‍. അജ്മാന്‍ കഴിഞ്ഞ് അല്‍പ്പം മുന്‍പോട്ട് പോയപ്പോള്‍ തന്നെ ഭൂമിശാസ്ത്രം മാറാന്‍ തുടങ്ങിയിരുന്നു.നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന മരുഭൂമിയും, അതിലവിടവിടെ ഒരു അക്ഷരത്തെറ്റു പോലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന മരങ്ങളും.മരുഭൂമിയിലെ മരങ്ങള്‍ക്ക് ഒരു പ്രത്യേകത ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ഒരു കൂടാരം പോലെ അതിന്റെ ചില്ലകള്‍ നിലത്തേയ്ക്ക് ചായ്ഞ്ഞ് കിടക്കും.ശരിക്കും തണല്‍ നല്‍കാന്‍ വേണ്ടി തന്നെ!മരുഭൂമിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് തണല്‍ ആവശ്യം - അല്ലെ.?
അല്‍പ്പം കൂടി പോയപ്പോള്‍ , ഒരു പാട് കപ്പലുകള്‍! “മരുഭൂമിയിലെങ്ങിനെ കപ്പലുകള്‍ വന്നു “ എന്ന് ആശ്ചര്യപ്പെടാന്‍ വരട്ടെ!മരുഭൂമിയിലെ കപ്പലായ ഒട്ടകങ്ങളെയാണ് ഉദ്ദേശിച്ചത്.ഗാംഭീര്യം നിറഞ്ഞ ഒരു കാഴ്ച്ച തന്നെയാണത്.ഒരു കൂസലും ഇല്ലാതെയല്ലേ പൊരിവെയിലത്ത് ആശാന്റെ നില്‍പ്പ്.?ഒരു തവണ ഇബ്രാഹിം ഇതു വഴി വരുമ്പോള്‍ ചില ഇഷ്ടന്മാര്‍ റോഡില്‍ ഇറങ്ങി നിന്നത്രെ! കുറെ സമയം കഴിഞ്ഞാണത്രെ അവര്‍ക്ക് പോകാന്‍ കഴിഞ്ഞത്.”ഹും , അവിടെ നില്‍ക്ക് ! ഇതെന്റെ നാടാ..!! നീയൊക്കെ വിദേശികളല്ലെ?“ എന്നാകും അവന്മാരുടെ മനസ്സിലിരുപ്പ്.

ഏതായാലും നമ്മുടെ നാട്ടില്‍ മൃഗശാലയില്‍ അടിമകളായിക്കഴിയുന്ന ഇവരുടെ കൂട്ടുകാരെപ്പോലെയല്ല - നല്ല അരോഗ്യവാന്മാരാണ്, സ്വാതന്ത്ര്യത്തിന്റെ പ്രസരിപ്പ്..!

ഇവരെ കാണുമ്പോള്‍ ഒരു മാപ്പിളപ്പാട്ട് ചുണ്ടില്‍ ഊറിവരുന്നു :
" ഒട്ടകങ്ങള്‍ വരി വരി വരിയായ്
കാരക്ക മരങ്ങള്‍ നിര നിര നിരയായ്..”

അങ്ങനെ മരുഭൂമിയുടെ മാറില്‍ ഒരു കറുത്ത നൂലുപോലെ നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന എമിറേറ്റ്സ് ഹൈവേയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

(തുടരും..)
ചിത്രങ്ങള്‍ സഹിതം ഇതിന്റെ ബാക്കി ഭാഗം ഉടനെ പ്രതീക്ഷിക്കുക.വീണ്ടും വരുമല്ലോ?

9 comments:

Navas(നവാസ്) said...

അങ്ങനെ മരുഭൂമിയുടെ മാറില്‍ ഒരു കറുത്ത നൂലുപോലെ നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന എമിറേറ്റ്സ് ഹൈവേയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മരുഭൂമിയുടെ മാറ് പിളര്‍ന്ന് ഒരു യാത്ര!
നിങ്ങളുടെ സ്വന്തം ഗ്രാമ ബൂലോഗത്തില്‍ ..!!

Anonymous said...

നവാസ് ബായി....നന്നായിട്ടുന്ദ്....

Navas(നവാസ്) said...

മിലേഷ് ഭായ്!അഭിനന്ദനങ്ങള്‍ക്ക് നന്ദി!പ്രോത്സാഹനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Anonymous said...

Then Y u decided to go abroad..ivide enthenkil pani cheythu jeevikkamaayirunnille...

Navas(നവാസ്) said...

ഫൈസലേ...
ജീവിതം പിന്നില്‍ നിന്ന് തോണ്ടി വിളിക്കുമ്പോള്‍ ന്നമ്മള്‍ എന്തു ചെയ്യും?വിളി കേള്‍ക്കേണ്ടേ?
സമ്പാദിക്കാന്‍ വേണ്ടിയല്ല ഇവിടെ വന്നത്, കാരണം അതിനാണെങ്കില്‍ നാട്ടില്‍ ഇഷ്ടം പോലെ അവസരങ്ങള്‍ ഇല്ലെ?

പിന്നെ എന്റെ അഭിപ്രായത്തില്‍ ഗള്‍ഫ് അനുഭവം എന്തുകൊണ്ടും ഒരാള്‍ക്ക് നല്ലതാണ്.പിന്നെ എല്ലാ ഗള്‍ഫുകാരെയും പോലെ എനിക്കും ഒരു സ്വപ്നം ഉണ്ട്.അടിത്തറ ശരിയാക്കിയാല്‍ ഞാന്‍ പെട്ടിയും കെട്ടി മടങ്ങും.എന്നിട്ട് നന്നുടെ നാട്ടിലെ മഴയും, വെയിലും, ഹര്‍ത്താലും കണ്ട് ജീവിക്കണം.

“തിരികെ മടങ്ങുവാന്‍ തീരത്തണയുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും”

Unknown said...

Travel is not completed : it is better, i respond after read the complete vinodayathra. anyway,till here intersting.........thanks

Anonymous said...

I am not sure what inspired you to write a travalogue, but its coming good. But, seems like I am the only visitor here from UAE (Correct me if I am wrong). If so, need make a lot of people aware of it.

Keep posting !

- Saqqi

Navas(നവാസ്) said...

Dear Saqqi,

You are a great supporter.
Thanks(കൂട്ടുകാര്‍ തമ്മില്‍ നന്ദി പറയരുതല്ലേ?)

Fortunately, for the last 2-3 months ,We have 368 visitors from 16 countries and 155 out of it, is from U.A.E. But why it is not shown in the Widget is because, the auto resize facility is only available in the full version which is a paid service!

But I can see in my control panel the right statitics.

Anyway your support is great, and I expect contributions from your side also, if you love to.

-Love

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

Keep posting !