Wednesday, November 01, 2006

പറമ്പന്തള്ളി ഷഷ്ഠി

Parambanthally Shashti Mahothsavam in Mullassery

ഷഷ്ഠി പാടൂര്‍ക്കാരുടെ ഉത്സവമല്ല;എന്നാല്‍, പാടൂര്‍കാര്‍ സജീവമായി പങ്കുകൊള്ളുന്ന ഉത്സവമാണ്. ഷഷ്ഠിയുടെ അന്ന് ചെറുപ്പകാലം തൊട്ടേ ഉള്ള ഒരു ഓര്‍മ്മ, അന്ന് സ്കൂളിന് അവധിയായിരുന്നു എന്നതാണ്.ഷഷ്ഠി മഹോത്സവം നടക്കുന്നത് , പറമ്പന്തള്ളി ശിവ ക്ഷേത്രത്തിലാണെങ്കിലും, പരിസരപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കെല്ലാം അന്ന് അവധിയായിരിക്കും.അതു കൊണ്ടു തന്നെ, ഷഷ്ഠി പാടൂര്‍കാര്‍ക്കും ഒരു ഉത്സവമാണ്.ചാവക്കാട് ജി-ടെകിലെ ബിനോയ് അയച്ചു തന്ന ചിത്രങ്ങളാണ് ഇവ.കണ്ടിട്ട്, അഭിപ്രായം പറയുമല്ലോ?



ഷഷ്ഠിയുടെ പ്രധാന ആകര്‍ഷണം, വൈവിധ്യമാര്‍ന്ന മനോഹരങ്ങളായ ഈ കാവടികളാണ്.ഇത് പൂക്കാവടി.




ഇത് നിലക്കാവടി: ഒരു പാട് നിലകളിലായി നിര്‍മിച്ചിരിക്കുന്ന ഇത് ഇപ്പോള്‍ കാണുമ്പോള്‍ ദോഹയിലെ ഷെരാട്ടണ്‍ ഹോട്ടലു പോലെ തോന്നും.ഇതും തലയില്‍ വച്ച് നൃത്തം ചെയ്യുന്നത് കാണുമ്പോള്‍ ശരിക്കും അന്തം വിട്ടുപോകും. കഴിഞ്ഞ ഷഷ്ഠിക്ക് ഇതിന്റെ മുകളില്‍ ഒരുപാട് പരീക്ഷണങ്ങള്‍ കണ്ടു-വൈദ്യുത ദീപങ്ങളും, സീഡി കളും കൊണ്ട് മനോഹരമായ പല അലങ്കാരങ്ങളും മറ്റും.





ഇപ്രാവശ്യം, ടാബ്ലോ ഇതു മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.എന്തായാലും നന്നായിട്ടുണ്ട് - അല്ലെ?


ഷഷ്ഠിയുടെ ഒരു പ്രധാന ആചാരം: ശൂലങ്ങള്‍ ശരീരത്തില്‍ തുളച്ചിട്ടുള്ള ഈ യാത്ര, എത്ര കണ്ടാലും ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ ഭയപ്പാടോടെ മാത്രം കാണാന്‍ കഴിയുന്ന കാഴ്ച്ച.വിശ്വാസത്തിന്റെ ശക്തി കാലം എത്ര കഴിഞ്ഞാലും കുറയില്ല-അല്ലെ?

കൂടുതല്‍ചിത്രങ്ങള്‍ ദാ ഇവിടെ

Monday, October 16, 2006

Padoor Peoples Ifthar Party in Doha, Qatar
നോമ്പ് ആദ്യ ആഴ്ച ദോഹയിലെ പാടൂര്‍ക്കാരുടെ നോമ്പ്തുറ ഉണ്ടായിരുന്നു.ജനിച്ച ശേഷം പേരു മാത്രം കേട്ടു പരിചയിച്ച കുറെ പാടൂര്‍ക്കാരെ കാണാന്‍ സാധിച്ചു.ഖത്തറില്‍ ഇത്ര അധികം പാടൂര്‍ക്കാര്‍ ഉണ്ടെന്ന് മനസ്സിലായത് അന്നാണ്. ദോഹയിലെ ബ്ലൂ-സ്റ്റാര്‍ റസ്റ്റൊറന്റില്‍ വച്ചായിരുന്നു പരിപാടി.കുറെ യുവരക്തങ്ങളും (അതോ രത്നങ്ങളൊ?) ഉണ്ടായിരുന്നു-ഇനിയുള്ള കാലം ഈ മണല്‍ക്കാട്ടിലെ നോമ്പും പെരുന്നാളും വിധിക്കപ്പെട്ടവര്‍!പഴയ തലമുറയിലെ പലരും പാടൂരിലെ നോമ്പും പെരുന്നാളും ഗൃഹാതുരത്വത്തോടെ ഓര്‍മിക്കുന്നവരാണ്.പാടൂരിലെ നോമ്പും പെരുന്നാളും ഭൂരിപക്ഷത്തിനും ഒരു വിദൂര ഓര്‍മ മാത്രം!പുത്തന്‍ തലമുറയ്ക്കാകട്ടെ, ഈ നോമ്പ്തുറ ഒരു കൌതുകമായെന്നു തോന്നുന്നു.വിദൂരമായ ഈ ദേശത്തു വച്ച്, നാട്ടുകാരെ, പ്രത്യേകിച്ച്, കൂട്ടുകാരെ കണ്ടതിലുള്ള സന്തോഷം എല്ലാ‍ മുഖത്തും തെളിഞ്ഞു കാണാം.എന്തായാലും, തലപെരുപ്പിക്കുന്ന ജീവിത പ്രാരാബ്ദങ്ങള്‍ക്കും, ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍‍ക്കും ഇടയില്‍ ഇത്തരം ഒത്തുചേരലുകള്‍ എത്ര സന്തോഷദായകം..!

Sunday, June 04, 2006


An Introduction to Padoor Blog
ഒരു പാട്‌ പ്രത്യേകതകള്‍ ഉള്ള പാടൂര്‍ എന്ന ഗ്രാമം...
നാനാ ജാതി മതസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷികളും സാഹോദര്യത്തോടെ ജീവിച്ചു പോരുന്ന,വലിയ മനസ്സുള്ള മനുഷ്യരുടെ ഈ വലിയ ഗ്രാമം എന്നും ചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്‌.ഒരു പാട്‌ മഹാരഥന്മാര്‍ ജീവിച്ച മണ്ണാണ്‌ പാടൂരിന്‍റേത്‌.സാംസ്കാരികമായും, മതപരമായും, സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും എല്ലാം ചുറ്റുമുള്ള പ്രദേശങ്ങളേക്കാള്‍ ഏറെ മുന്നിലാണ്‌ എന്നും പാടൂര്‍.പ്രകൃതിയും ഈ പ്രദേശത്തെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.ഏറെ സുന്ദരി കൂടിയാണ്‌ ഈ ഗ്രാമം.പാടൂരിന്‍റെ സാമ്പത്തിക-സാമൂഹിക ഉയര്‍ച്ചയ്ക്ക്‌ വലിയൊരു കാരണം പ്രവാസികളുടെ വിയര്‍പ്പാണ്‌ എന്ന നിരീക്ഷണത്തോട്‌ വലിയൊരളവോളം നമുക്ക്‌ യോജിക്കേണ്‌ടി വരും.ഒരു പാട്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്ള പ്രദേശമാണ്‌ പാടൂര്‍ എന്ന സത്യം വിസമരിക്കുന്നില്ല.എന്നാലും പാടൂരിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ ഇവിടുത്തെ ഗള്‍ഫ്‌ സ്വാധീനം വളരെ പെട്ടെന്ന്‌ പിടി കിട്ടും-തീര്‍ച്ച!
എന്നാല്‍ ഗള്‍ഫ്‌ പാടൂരിന്‌ നല്‍കിയ നഷ്ടങ്ങള്‍ എന്തൊക്കെയാണ്‌? ആ പട്ടിക വളരെ നീളുന്നതായി കാണുമ്പോള്‍ ഏതു പാടൂര്‍ക്കാരന്‍റെ ഹൃദയമാണ്‌ ഒന്നു തപിക്കാതിരിക്കുക?പറഞ്ഞു വരുന്നത്‌ പാടൂരിന്‍റെ ഒരു പാട്‌ പ്രതിഭാധനരെ 'ഗള്‍ഫെടുത്ത'
കഥയാണ്‌.പണ്ടേതോ ഒരു പ്രഭാതത്തില്‍ പാടൂര് തീരത്ത്‌ ആഞ്ഞടിച്ച ഒരു 'ഗള്‍ഫാമി' യുടെ കഥ.അതിന്‍റെ ദോഷ ഫലങ്ങള്‍ ഇന്നും പാടൂരില്‍ അലയടിക്കുന്നില്ലേ എന്ന ഒരു എളിയ പാടൂരുകാരന്‍റെ ആത്മഗതം.അതു പൊട്ടെ ! വഴിയെ പറഞ്ഞെന്നു മാത്രം.ഈ വിഷയത്തില്‍ നമുക്കൊരു ചര്‍ച്ചയും ആവാം, നമ്മുടെ ഗ്രാമത്തിലെ ഏതെങ്കിലും ചായക്കടയില്‍ വച്ച്‌-എന്താ, അതു പോരെ?

പറയാന്‍ ഉദ്ദേശിച്ചത്‌ എന്തിനാണ്‌ ഇങ്ങനെ ഒരു വെബ്ളോഗ് എന്നാണ്‌.ഈ ബ്ളോഗ്‌ എല്ലാ പാടൂര്‍കാര്‍ക്കുംവേണ്ടിയാണ്‌.പ്രത്യേകിച്ച്‌ പാടൂരിലെ പ്രവാസികള്‍ക്കു വേണ്ടി.പാടൂരിലെ ദൈനം ദിന സംഭവവികാസങ്ങളെക്കുറിച്ച്‌ പാടൂക്കാര്‍ക്ക്‌ സംസാരിക്കാന്‍ ഒരിടം.പിന്നെ, ഇതത്രയും മലയാളത്തില്‍ ടൈപ്‌ ചെയ്യാന്‍ ഈയുള്ളവന്‍ കുറച്ച്‌ ബുദ്ധിമുട്ടി കേട്ടോ?എന്നാലും സാരമില്ല നമ്മുടെ നാട്ടുകാര്‍ക്കു വേണ്ടിയല്ലേ?

അപ്പോള്‍ എന്‍റെ പ്രിയപ്പെട്ട പാടൂര്‍ക്കാര്‍ ചെയ്യേണ്ടത്‌ ഇത്ര മാത്രം -പറയാനുള്ളത്‌ പറയുക, അത്‌ ഈ സൈറ്റില്‍ കയറി പറയുക.അപ്പോള്‍ അത്‌ ലോകത്തിന്‍റെ നാനാ ദിക്കിലുമുള്ള പാടൂര്‍ക്കാര്ക്ക്‌ അറിയാമല്ലൊ?ഇനി മലയാളത്തില്‍ പറയണം എന്നുള്ളവര്‍ വിഷമിക്കേണ്ട അതിനുള്ള ലളിതമായ വഴിയുണ്ട്‌.ചോദിച്ചാല്‍ അതും പറഞ്ഞു തരാം, പോരെ? പിന്നെ നിങ്ങളുടെ കയ്യില്‍ പാടൂരിനെ സംബന്ധിക്കുന്ന ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയച്ചു തരാം.മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ
ജി.എം.യു.പി സ്കൂളിനു മുന്‍പിലുള്ള ജാസ്സിര്‍ അയച്ചൂ തന്നതാണ്‌.കൊള്ളാം-അല്ലേ?പാടൂരിലെ പ്രവാസികള്‍ക്ക്‌ ഈ
ഫോട്ടോയുടെ ഭംഗി ശരിക്കും അറിയാം.അവര്‍ക്ക്‌നഷ്ടപ്പെടുന്ന ദൃശ്യങ്ങളാണവ-പാടൂരിന്‍റെ ഗന്ധം പേറുന്ന ദൃശ്യങ്ങള്‍!
സംസാരിച്ചു കാടു കയറി-ഇനിനിങ്ങളുടെ ഊഴമാണ്‌.

കുറവുകള്‍ ഒരുപാട്‌ കാണും-സദയം ചൂണ്ടിക്കാണിക്കുമല്ലൊ? ഈ സൈറ്റ്‌എല്ലാവരുടെയും അഭിപ്രായത്തിനായി പാടൂരിലെ ജനസാമാന്യത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു.
എന്നു
സ്വന്തം
നവാസ്‌ പാടൂര്‍
Editor
mypadoor.blogspot.com
Can't Read? Click Here And Save To C:\Windows\Fonts