Saturday, June 28, 2008

Travel story by Navas Padoor (Rasal Khaima-2)
ഈന്തപ്പനകളുടെ നാട്ടിലൂടെ : ഭാഗം രണ്ട്

അല്‍പ്പ സമയത്തിനകം ഞങ്ങള്‍ റാസല്‍ഖൈമയില്‍ എത്തിച്ചേര്‍ന്നു.ചെറിയൊരു പട്ടണം.വളരെ വൃത്തിയോടെ സംരക്ഷിക്കുന്ന തെരുവുകള്‍.ഞങ്ങള്‍ വന്ന് ചേര്‍ന്ന ഭാഗത്ത് ഏറ്റവും കൂടുതല്‍ കാണാന്‍ കഴിഞ്ഞത് കഫ്തീരിയകളാണ്.എല്ലാത്തിനും നാട്ടിലെ ചെറിയ ചായക്കടകളെ ഓര്‍മ്മിപ്പിക്കുന്ന പേരുകള്‍.മലബാര്‍ കഫ്തീരിയ, റഹ്മാനിയ്യ ടീ സ്റ്റാള്‍ എന്നൊക്കെപ്പോലെ. പിന്നെ കുറെ കറുത്ത മനുഷ്യര്‍.സാധാരണ യു.ഏ.ഇ യിലെ അറബികള്‍ ധരിക്കുന്ന രീതിയിലുള്ള വൃത്തിയുള്ള വേഷവിധാനം അല്ല.അയഞ്ഞ രീതിയില്‍ സുഡാനികള്‍ ധരിക്കുന്നതിനോട് സാമ്യമുള്ള കന്തൂറയും(നീളമുള്ള അറബിക്കുപ്പായം), അടുക്കും ചിട്ടയും ഇല്ലാതെ കെട്ടിയ തലപ്പാവും, കയ്യില്‍ ഒരറ്റം വളഞ്ഞ കനം കുറഞ്ഞ ചൂരലിന്റെ വടിയും - ആകെപ്പാടെ ഒരു അലസ ഗമന ചാരുത .തലയില്‍ തട്ടമിട്ട് അതിന്റെ മുകളില്‍ കറുത്ത വട്ടത്തിലുള്ള കയര്‍ വച്ച്, വൃത്തിയുള്ള കന്തൂറയും ധരിച്ച് , മനം മയക്കുന്ന (ചിലപ്പോഴൊക്കെ മനം മടുപ്പിക്കുന്ന) സുഗന്ധവും പൂശി , മുഖത്ത് ഒരു കൂളിങ് ഗ്ലാസ്സും വച്ച്, ഒരു കയ്യില്‍ മോബൈലും , മറുകയ്യില്‍ എരിയുന്ന സിഗരറ്റുമായി, കുലീനമായ മുഖം ഉയര്‍ത്തിപ്പിടിച്ച് വായുവിലെന്ന പോലെ ഒഴുകിയൊഴുകി നടന്നു പോകുന്ന ഇവിടത്തെ ആധുനിക അറബികളെ കണ്ടു ശീലിച്ച നമ്മള്‍ , ഇവരെ കണ്ടാല്‍ ന്യായമായും ചോദിച്ചു പോകും - “ഇവരും ഇന്നാ‍ട്ടുകാര്‍ തന്നെ....?!!!“.അതെ - ഇവരാണ് ഇവിടുത്തെ മണ്ണിന്റെ മക്കള്‍് (ഇന്നാട്ടിലെ ‘ദലിതര്‍’) .എണ്ണപ്പണം ഈ നാട്ടുകാരെ അന്തമില്ലാത്ത സമ്പത്തിന്റെ ഉടമകള്‍ ആക്കുന്നതിന്നും വളരേ മുന്‍പേ, ഈ മരുഭൂമിയിലെ കൊടും ചൂടും , അസഹ്യമായ തണുപ്പും ഏറ്റുവാങ്ങി ഈന്തപ്പഴവും, ഉണങ്ങിയ കാരക്കയും ഒട്ടകപ്പാലും കഴിച്ച് അലസമായി ജീവിച്ചിരുന്ന ഒരു ജനതയുടെ പിന്‍ഗാമികള്‍.പണ്ടു കാലത്തൊക്കെ നമ്മുടെ (പ്രവാസികളുടെ) പൂര്‍വികര്‍ കഠിനമായ ഉഷ്ണം താങ്ങാനാകാത്ത രാത്രികളില്‍ കടപ്പുറത്ത് പോയി മണലില്‍ കുഴി കുഴിച്ച് ശരീരം പൂഴി കൊണ്ട് മൂടി കിടന്നുറങ്ങുമായിരുന്നത്രെ! പ്രാകൃത എയര്‍കണ്ടീഷന്‍!! സമ്പത്ത് , അറബികളുടെ ആലസ്യം പതിന്മടങ്ങ് വര്‍ധിപ്പിച്ചു.എയര്‍കണ്ടീഷന്‍‌ ഇല്ലാത്ത ഗള്‍ഫ് ഇന്ന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. മോബൈലും,കാറും ഇല്ലാത്തവര്‍ ഇവര്‍ക്കിടയില്‍ ഇന്ന് മനുഷ്യനേയല്ല. അതിനിടയ്ക്ക് ഈ ‘ആദിവാസികളെ‘ ഇവിടെ കണ്ടപ്പോള്‍ വല്ലാത്ത അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നു പോയി.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ സുഹൃത്തിനെ കാണാന്‍ പോയിരുന്ന നൌഷാദ് സുഹൃത്തിനേയും കൂട്ടി തിരിച്ചെത്തി.ഞങ്ങള്‍ പരിചയപ്പെട്ട ശേഷം യാത്ര പറഞ്ഞു പിരിഞ്ഞു.സമയം എകദേശം പതിനൊന്നര ആയിക്കാണും.ഞങ്ങള്‍ ഫുജൈറയിലേയ്ക്കുള്ള റോഡില്‍ പ്രവേശിച്ചു.യഥാര്‍ഥത്തില്‍ കാഴ്ച്ചകളുടെ വിരുന്ന് ആരംഭിച്ചത് അവിടം മുതലാണ്.ഇതുവരെ കണ്ടത് മരുഭൂമിയുടെ ഏകാന്തമായ , ഒരേ ഛായയിലുള്ള (ഷേഡ്) ദൃശ്യ വിസ്മയമായിരുന്നെങ്കില്‍ , ഇപ്പോ കാണാനാകുന്നത് നിറം മാറ്റി എഡിറ്റ് ചെയ്യപ്പെട്ട ഒരു ഏറനാടന്‍ ഗ്രാമത്തിന്റെ പച്ചപ്പ് നിറഞ്ഞ , കുളിര്‍ കോരുന്ന കാഴ്ചയാണ്. കയറ്റിറക്കങ്ങള്‍ നിറഞ്ഞ റോഡുകള്‍.റോഡിനുരുവശത്തും മണല്‍ കുന്നുകള്‍.കുന്നിന്‍ മുകളില്‍ കേരളത്തില്‍ കാണുന്ന മാതൃകയിലുള്ള മനോഹരമായ കോണ്‍ക്രീറ്റ് വീടുകള്‍.അറബി ശൈലിയില്‍ വീടുകള്‍ക്ക് സണ്‍ഷേഡോ, വെള്ളം ഒഴികിപ്പോകാന്‍ ആവശ്യമായ സംവിധാനങ്ങളോ സാധാരണയായി കാണാറില്ല.ഡിസൈനും, വര്‍ണങ്ങളും ആവട്ടേ മരുഭൂമിയെ ഓര്‍മ്മിപ്പിക്കുന്നതും ആയിരിക്കും.പക്ഷെ , ഇവിടെ കണ്ടത് നേരെ തിരിച്ചാണ്.വര്‍ഃണ്ണങ്ങള്‍ക്ക് ഒരു പിശുക്കും കാണിച്ചിട്ടില്ല.ഡിസൈനുകള്‍ ആവട്ടേ വൈവിധ്യമാര്‍ന്നതും.എല്ലാ വീടുകളുടേയും മുറ്റം മനോഹരമായ ഉദ്യാനങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു.വീടുകളുടെ മതിലുകളില്‍ പോലും ഒരു മലയാളിത്തം കടന്നു കൂടിയിരിക്കുന്നു. പിന്നെ ഇടക്ക് ചെറിയ കവലകളില്‍ കാണുന്ന മലയാളം മണക്കുന്ന പേരുകളോടു കൂടിയ കടകള്‍. ശരിക്കും ഒരു ഏറനാടന്‍ ഗ്രാമം തന്നെ.ഒന്നു രണ്ട് വ്യത്യാസങ്ങള്‍ മാത്രം: ചെമ്മണ്ണിന്റെയും, പച്ചപ്പിന്റെയും പകരം മണലിന്റെയും പച്ചയുടെയും സമ്മിശ്രമാണ്.പിന്നെ , വര്‍ ണ്ണത്തട്ടങ്ങള്‍ അണിഞ്ഞ ഉമ്മൂമ്മമാരേയും, പച്ച ബെല്‍ട്ടും, കള്ളിമുണ്ടും ധരിച്ച ഉപ്പാപ്പമാരെയും കാണുന്നില്ല എന്നു മാത്രം. വീടുകളുടെ മാതൃകയുടെ പ്രത്യേകത ഞാന്‍ ഇബ്രാഹീമിനോട് സൂചിപ്പിച്ചു.അപ്പോള്‍ ഇബ്രാഹീം പറഞ്ഞത് ഇവിടെ മഴ പെയ്യാറ് പതിവുണ്ട് എന്നാണ്.അപ്പോ പിന്നെ എല്ലാം പൂര്‍ത്തിയായല്ലോ?മഞ്ഞും , മഴയും , നിലാവും, പച്ചപ്പും... ഇനി ഇവിടെ ഞാറ്റുവേല ഉണ്ടോ ആവോ ?

എന്തായാലും മനസ്സിന് നല്ലൊരു കുളിര്‍മ്മ അനുഭവപ്പെടുന്നു.അല്‍പ്പനേരം മനസ്സ് നാട്ടിലേയ്ക്ക് സഞ്ചരിച്ചു.കനോലിക്കനാലിന്റെ തീരത്തുകൂടി പണിതീര്‍ത്തിട്ടുള്ള ചെമ്മണ്‍ പാതയിലൂടെ പ്രിയസുഹൃത്ത് അന്‍ഃവറുമൊത്ത് സൈക്കിളില്‍ അലസ സഞ്ചാരം നടത്തുന്ന സായാഹ്നങ്ങള്‍ , പാടൂര്‍ പള്ളിക്കുളത്തിലെ പ്രഭാത സ്നാനം, പാണ്ടിപ്പാടത്തെ വാശിയേറിയ കളികള്‍ , കബീര്‍ക്കാടെ ചായക്കടയിലെ ചൂടേറിയ ചര്‍ച്ചാ സദസ്സുകള്‍ , വളപ്പിലെ പള്ളിയിലെ കുളിര്‍മ്മ നല്‍കുന്ന റമദാന്‍ സായാഹ്നങ്ങള്‍ - മനസ്സ് ഒരു പാടൂര്‍ക്കാരനായി മാറുകയായി.

അത്ഭുതകരമായ ഒരു കാഴ്ച കണ്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. റോഡിന്റെ ഇടതു ഭാഗത്തെ കമ്പിവേലി കെട്ടിത്തിരിച്ച വിശാലമായ പറമ്പില്‍(അങ്ങനെ വിളിക്കാമോ എന്നറിയില്ല), നൂ‍റു കണക്കിന് ഒട്ടകപ്പക്ഷികള്‍!അതി ഗംഭീരന്‍ കാഴ്ച തന്നെ!! ഉയര്‍ത്തിപ്പിടിച്ച നീണ്ട കഴുത്ത് , നടത്തത്തിനനുസരിച്ച് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നു.ചെറുതും വലുതും എല്ലാം ഉണ്ട്. പറമ്പില്‍ അവര്‍ക്ക് തണല്‍ നല്‍കിക്കൊണ്ട് ഒരു പാ‍ട് ഈന്തപ്പനകളുണ്ട്. ഇറങ്ങി, കുറച്ചു നേരം അവരുടെ വിശേഷങ്ങള്‍ അറിയണം എന്നുണ്ടായിരുന്നു.പക്ഷെ , ഇന്ന് വെള്ളിയാഴ്ചയാണ്, പള്ളിയില്‍ പോകാനുള്ള സമയം അടുത്തു വരുന്നു.അതുകൊണ്ട് ആ ആഗ്രഹം പണിപ്പെട്ട് അടക്കി, ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചു നേരമായി നൌഷാദ് ചായ കുടിക്കാന്‍, ഒരു കഫ്തീരിയ കണ്ടാല്‍ നിര്‍ത്തണം എന്ന് പറയാന്‍ തുടങ്ങിയിട്ട്.വഴിയിലാണെങ്കില്‍ ഇപ്പൊ കടകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു.എല്ലാവരും പള്ളിയില്‍ പോയിക്കാണും.

“അപ്പോ അനക്ക് ആ റാസല്‍ കൈമേല്‍ന്ന് കുടിക്കാര് ന്നില്ലേ ചായ ?“
ഇബ്രാഹീം , നൌഷാദിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

റാസല്‍ഖൈമയില്‍ വച്ച് ചായ കുടിക്കാം എന്ന് നൌഷാദ് പറഞ്ഞപ്പോള്‍ ഇബ്രാഹീം തന്നെയാണ് പറഞ്ഞത് അവിടെ പോയിട്ട് കുടിക്കാം എന്ന്.ഇപ്പൊ ഇബ്രാഹീം കാലു മാറുന്നു.നൌഷാദിനു ദേഷ്യം വന്നു ഇബ്രാഹീമിന്റെ പുറത്ത് ഇടിക്കാന്‍ തുടങ്ങി. ഇബ്രാഹിം കുലുങ്ങിച്ചിരിച്ചു.നൌഷാദ് രാവിലെ ഒന്നും കഴിച്ചിട്ടില്ല.ഞങ്ങള്‍ ചെന്നു വിളിച്ചപ്പോള്‍ വേഗം ഒരുങ്ങി പുറപ്പെട്ടതാണ്-പാവം!
അതിനിടയ്ക്ക് ഒരു കഫ്തീരിയ കണ്ടു , മൂന്നു ചായ വാങ്ങി.പക്ഷെ ചായ നൌഷാദിനു തീരെ പിടിച്ചില്ല.ചായ ഒട്ടും നന്നായിട്ടില്ല. ഇബ്രാഹീമും, ഞാനും എങ്ങനെയോ അകത്താക്കി.പക്ഷെ നൌഷാദ് അത് വഴിയില്‍ ഒഴിച്ചു കളഞ്ഞു.

നമസ്കാരത്തിനായി പള്ളിയില്‍ കയറി.അറബികളുടെ ‘ആവാസ വ്യവസ്ഥ’ ആണെന്നു തോന്നുന്നു.പള്ളിയില്‍ കൂടുതല്‍ പേരും അറബികളാണ്.പള്ളി നിറയാന്‍ മാത്രം ആളേ ഉള്ളൂ . മലയാളികള്‍ക്കിടയില്‍ ഞാന്‍ പരിചയമുള്ള മുഖങ്ങള്‍ വല്ലതും ഉണ്ടോന്നു തിരഞ്ഞു.ആരും ഇല്ല! (ഭാഗ്യം!അല്ലേ?)

നമസ്കാരം കഴിഞ്ഞ് വീണ്ടും യാത്ര.എത്രയും വേഗം ഫുജൈറയില്‍ എത്തിച്ചേരണം.വീണ്ടും കാഴ്ച്ചകളുടെ വൈവിദ്ധ്യത്തിലേയ്ക്ക്.ഫുജൈറ അടുക്കുമ്പോള്‍ നമ്മളെ വരവേല്‍ക്കുന്നത് റോഡിനിരുവശവും തല ഉയര്‍ത്തി നില്‍ക്കുന്ന മല നിരകളാണ്.അകലേന്ന് കണ്ടപ്പോള്‍ മണ്‍കൂനകളാണെന്നാണ് കരുതിയത്.പക്ഷെ നല്ല ‘എണ്ണം പറഞ്ഞ’ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ് യാത്രയെന്ന് താമസിയാതെ മനസ്സിലായി.നമ്മുടെ നാട്ടിലെ കറിമ്പാറകളുടെ പൌരുഷം ഈ പാറകള്‍ക്കില്ല.മങ്ങിയ ഒരു നിറമാണ് ഇവര്‍ക്ക്.പിന്നെ ഒറ്റ ചെടിയും അതിന്റെ പുറത്ത് മുളച്ച ലക്ഷണം ഇല്ല. ഇബ്രാഹീം പറഞ്ഞത് ഒരു കാലത്ത് ഇവിടം ആകെ വെള്ളം മൂടിക്കിടന്ന പ്രദേശമാണെന്ന്.മലകളുടെ ഉയരം കണ്ടാല്‍ അത് വിശ്വസിക്കാന്‍‌ പ്രയാസം തോന്നുമെങ്കിലും, ഒരുപാട് കാലം വെള്ളം കെട്ടിക്കിടന്ന ലക്ഷണങ്ങള്‍‌ സൂക്ഷ്മദൃഷ്ടിയില്‍‌ മനസ്സിലാകും.(റഷീദ് മാസ്റ്റര്‍‌ പഠിപ്പിച്ച ഭൂമിശാസ്ത്രം എവിടെയൊക്കെയോ എത്തി നോക്കുന്നുണ്ടോന്നൊരു സംശയം!). പിന്നെ ചിലസ്ഥലങ്ങളില്‍ സിമെന്റ് ഫാക്ടറികള്‍ കണ്ടു.ഈ പാറക്കൂട്ടങ്ങള്‍ ഇടിച്ചു നിരത്തി ലഭിക്കുന്ന പൊടിയാണ് അവര്‍ സിമെന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.താമസിയാതെ തന്നെ ഈ പാറക്കൂട്ടങ്ങള്‍ അപ്രത്യക്ഷമാകും എന്ന് ഫാക്ടറികളുടെ അടുത്ത് കുന്നു കൂട്ടിയിരിക്കുന്ന പാറപ്പൊടിയുടെ കൂനകളുടെ വലുപ്പം സാക്ഷ്യപ്പെടുത്തുന്നു.യു.ഏ.ഇ യില്‍ ഓരോ അംബരചുംബികള്‍ ഉയരുന്നതനുസരിച്ച് ഈ പാറക്കൂട്ടങ്ങള്‍ താഴ്ന്നുകൊണ്ടിരിക്കും. കഷ്ടം! ഭൂമിയുടെ ഈ ‘ആണികള്‍‘ പറിച്ചെടുക്കാനാണോ മനുഷ്യനെ ദൈവം ഈ ഭൂമിയിലേയ്ക്കയച്ചത്?എന്തായാലും ആകാശം തൊട്ടുനില്‍ക്കുന്ന ഈ ഗംഭീര ദൃശ്യ വിരുന്ന് അധിക നാള്‍ ഉണ്ടാവില്ല എന്ന യാഥാര്‍ത്യം മനസ്സില്‍ ചെറിയൊരു നൊമ്പരം സൃഷ്ടിച്ചു.‘മരണം കാത്തു കിടക്കുന്ന രോഗിയേപ്പോലെ ഈ മലകള്‍!’ ഇപ്പോഴേ ഇത് കാണാന്‍ കഴിഞ്ഞത് മഹാ ഭാഗ്യം!

ഞങ്ങളുടെ വാഹനം മണിക്കൂറില്‍ഃ 180കി.മി വേഗതയില്‍ഃ കുതിക്കുകയാണ്.അപകടം പതിയിരിക്കുന്ന വളവുകള്‍ഃ!ഇബ്രാഹീമിന്റെ ശ്രദ്ധ ഇപ്പോള്‍ഃ പൂര്‍ണ്ണമായും ഡ്രൈവിങ്ങിലാണ്.ഇടയ്ക്ക് ഒന്നു മയങ്ങിപ്പോയ നൌഷാദിനെ ഉണര്‍ത്താന്‍ഃ മാത്രം, വണ്ടി ഒന്നു വേഗത കുറച്ചു.മലമ്പാതയിലൂടെയുള്ള ആ യാത്ര എന്നിലെ സാഹസികനെ തൊട്ടുണര്‍ത്തി.


(ഈ യാത്ര അവസാനിക്കുന്നില്ല.അടുത്ത പോസ്റ്റില്‍‌ നമ്മുടെ യാത്ര മരുഭൂക്കാഴ്ചകളുടെ കൂടുതല്‍‌ വിസ്മയങ്ങളിലേയ്ക്ക് കടക്കുകയാണ്.കല്‍ബയിലെ കടപ്പുറത്തെ സായാഹ്നവും, നൂറ്റാണ്ടുകള്‍‌ പ്രായമുള്ള പള്ളിയും അടക്കം, യാത്രയുടെ കൂടുതല്‍‌ വിശേഷങ്ങളുടെ സഹയാത്രികരാകാന്‍‌ വീണ്ടും വരിക! - തുടരും)

Friday, June 13, 2008

Travel story by Navas Padoor (Rasalkhaima-1)
ഈന്തപ്പനകളുടെ നാട്ടിലൂടെ : ഭാഗം ഒന്ന്

ഈ വെള്ളിയാഴ്ച്ച - അതായത് ഞങ്ങള്‍ഗള്‍ഫ് പ്രവാസികളുടെ ഞായറാഴ്ച - ഞങ്ങള്‍ മൂന്നുപേര്‍ നടത്തിയ അത്യന്തം രസാവഹമായ ഒരു യാത്രയെക്കുറിച്ചാണ് ഇക്കുറി നിങ്ങളോട് പറയുന്നത്.
‍യഥാര്‍ത്ഥത്തില്‍ അതൊരു വിനോദയാത്ര ആയിരുന്നില്ല, അതങ്ങനെ പറ്റിപ്പോയതാണ്. ഇവിടത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആകെ ലഭിക്കുന്ന ഒഴിവു ദിനങ്ങളാണ് വെള്ളിയാഴ്ച്ചകള്‍. ഇവിടത്തുകാരുടെ ഓണവും , വിഷുവും, ക്രിസ്തുമസ്സും എന്നു വേണ്ട പിറന്നാളും, വിവാഹ വാര്‍ഷികവും വരെ എല്ലാം വെള്ളിയാഴ്ച്ച ആയിരിക്കും ആഘോഷിക്കപ്പെടുന്നത്.അറബ് നാടാണെന്നു പറഞ്ഞിട്ടു കാര്യമില്ല, പലര്‍ക്കും പെരുന്നാള്‍ പോലും വെള്ളിയാഴ്ച്ചയാണ് ! ഇത് ഞാന്‍ അതിശയോക്തിക്കായി എഴുതിയതല്ല, അനുഭവമാണ്.ഞാന്‍ ഖത്തറില്‍ ഉള്ളപ്പോള്‍ ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഈദ് മീറ്റ് ഉണ്ടായിരുന്നു.(അതിനെക്കുറിച്ച് ഈ ബ്ലൊഗില്‍ മുന്‍പ് എഴുതിയിട്ടുണ്ട് - സൌഹൃദസംഗമം കാണുക).അന്ന് ചില സുഹൃത്തുക്കളെക്കുറിച്ച് അന്യേഷിച്ചപ്പോഴാണ് വേദനിപ്പിക്കുന്ന ആ സത്യം അറിഞ്ഞത്- അവര്‍ ഡ്യൂട്ടിയിലാണ്!ഇവിടത്തെ കാര്യം അത്രയേ ഉള്ളൂ.ജോലി കഴിഞ്ഞേ ഉള്ളൂ എന്തും , ‘ഡ്യൂട്ടി ഫസ്റ്റ്!‘ എന്നല്ല ‘ഡ്യൂട്ടി ഈസ് ഫസ്റ്റ് ആന്റ് ലാസ്റ്റ്!!‘ ഭൂരിഭാഗം പ്രവാസികളുടെ അവസ്ഥയും ഇതു തന്നെ.

എന്തിന് ഇപ്പോ ഇത്രയും കാടു കയറി എന്നായിരിക്കും നിങ്ങള്‍ആലോചിക്കുന്നത്-അല്ലെ. കാര്യമുണ്ട് , ഒന്നല്ല രണ്ട് കാര്യം.കാര്യം ഒന്ന് : ഒരു ഹര്‍ത്താലോ, സമരമോ, ലോക്കല്‍ നേതാവിന്റെ , ‘അത്യഗാധ ദുഖ നിര്‍ഭരമായ ‘ നിര്യാണമോ ജോലിക്കുപോകാതെ പുതപ്പിനുള്ളില്‍ ചുരുളാനോ, ചായക്കടയിലെ ‘വെടി വഴിപാടിന്’ മരുന്ന് നിറയ്കാനോ മതിയായ കാരണമായി, ന്യായമായും കണക്കാക്കപ്പെടുന്ന കേരള ഭൂമിയില്‍ നിന്നും വന്നവര്‍, ഇവിടെ എങ്ങനെ പണിയെടുക്കുന്നു എന്ന് അറിയിക്കുക.കാര്യം രണ്ട് : ഞങ്ങളും മറ്റനേകം പ്രവാസികളെപ്പോലെ, അറബികളുടെ ഈ ‘ഞായറാഴ്ച്ച‘ ദിവസം ‘വീണുകിട്ടിയ‘ ഒരു ഡ്യൂട്ടി ആഘോഷമാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പ്രിയപ്പെട്ട വായനക്കാരെ ബോധ്യപ്പെടുത്തുക.

എന്തായാലും എനിക്ക് അന്ന് ഡ്യൂട്ടി ഇല്ലായിരുന്നു.പക്ഷെ, യു.ഏ.ഇ എന്നുവച്ചാ‍ല്‍ അജ്മാനും , ഷാര്‍ജയും മാത്രമാണെന്ന എന്റെ ‘അറിവ്‘ ഇനിയെങ്കിലും എഡിറ്റ് ചെയ്യാന്‍ നേരമായി എന്നെനിക്ക് തോന്നാന്‍ തുടങ്ങിയിട്ട് കാലം ഇശ്ശി ആയി. ’നവാസ് യു.ഏ.ഇ കണ്ടതുപോലെ’ എന്ന് ഭാവിതലമുറ പറയരുതല്ലോ (അന്ധന്‍മാര്‍ കണ്ട ആനയോട് കടപ്പാട്). അതുകൊണ്ടു തന്നെ ഫുജൈറ, അലൈന്‍, റാസല്‍ഖൈമ തുടങ്ങിയ യു.ഏ.ഇ യിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ കാണാനുള്ള ആദ്യത്തെ അവസരവും പാര്‍ത്തിരിക്കുകയായിരുന്നു ഞാന്‍. (റസൂല്‍ ഖൈമ - പ്രവാചകന്റെ തമ്പ്- എന്നത് വിദേശ ടൂറിസ്റ്റുകള്‍ക്കു മുന്‍പില്‍ ‘നന്നാക്കി‘ കാണിക്കാന്‍ റാസല്‍ ഖൈമ ആക്കിയതാണെന്ന് ഒരു ‘ഞെരുമ്പിരായിരം’ പറഞ്ഞു കേട്ടിട്ടുണ്ട്.അസൂയക്കാര്‍ക്ക് എന്താ പറഞ്ഞു കൂടാത്തത് - അല്ലെ).പോരാത്തതിന് ഓരോ പ്രാവശ്യവും ഇവിടങ്ങളിലൊക്കെ പോയി വരുന്ന കമ്പനി ഡ്രൈവര്‍മാരുടെ യാത്രാ വര്‍ ണ്ണനകള്‍ എന്നെ ഈ പ്രദേശങ്ങളുടെ ഒരു ‘ഫാന്‍’ ആക്കി മാറ്റിയിരുന്നു.അതു കൊണ്ടാണ് ഇപ്രാവശ്യം ഇബ്രാഹീമിന് വെള്ളിയാഴ്ച ഫുജൈറയിലെ റൊട്ടാന ഹോട്ടലില്‍ ഡെലിവറി ഉണ്ട് എന്നറിഞ്ഞപ്പോഴേ ഞാന്‍ ഒരു ‘സീറ്റ് ബുക്ക് ‘ ചെയ്തത്. അങ്ങനെ , യു.ഏ.ഇ എന്ന ‘ദുനിയാവിന്റെ‘ , ഒരറ്റത്തേയ്ക്ക് (കെ.വി.അഹമ്മദ് പാടൂരിനോട് കടപ്പാട്) ഞങ്ങള്‍ മൂന്നുപേര്‍ - ഇബ്രാഹീം എന്ന ഡ്രൈവര്‍ഃ , ഇബ്രാഹീം, ‘ബംഗാളി‘ എന്ന് പേരിട്ട് വിളിക്കുന്ന, മലയാളിയായ നൌഷാദ്, പിന്നെ വിനീതനായ ഈ ഞാനും നടത്തിയ യാത്രയുടെ പശ്ചാത്തലം ഇതാണ്.

ഞങ്ങളുടെ യാത്ര, വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു.ഞാനും ഇബ്രാഹീമും കൂടി നൌഷാദ് താമസിക്കുന്ന സ്ഥലത്തേയ്ക്ക് പോയി.അല്‍പ്പ സമയം കാത്തു നിന്നപ്പോള്‍ നൌഷാദ് വന്നു.ക്ലീന്‍ ഷേവ് ചെയ്തിട്ടുണ്ട്.മുഖത്ത് നന്നായി ടാല്‍ക്കം പൌഡര്‍ പൂശിയിരിക്കുന്നു.

“ആ പൌഡര്‍ കറ്ത്ത് പോയ്റ്റിണ്ടായ്ക്കാരം..!” - വന്ന പാടേ ഇബ്രാഹീമിന്റെ കമന്റ്..!

നൌഷാദിന്റെ ‘ഗ്യാരണ്ടി കളറി‘നെ ഒന്നു കളിയാ‍ക്കിയതാണ് ഇബ്രാഹീം.പക്ഷെ , നൌഷാദിന് ഭാവവ്യത്യാസമൊന്നും ഇല്ല.കാരണം, നൌഷാദ് ഒടുക്കത്തെ ‘ഗ്ലാമര്‍‘ ആണെന്നുള്ളതിന് അവന്റെ പക്കല്‍ ഒരു തെളിവുണ്ട് - ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത, വെളുത്ത് സുന്ദരനായ അവന്റെ ഫോട്ടോ ! ആ ഫോട്ടോ എഡിറ്റ് ചെയ്തപ്പോള്‍ കമ്പ്യൂട്ടറിലെ കളറെല്ലാം തീര്‍ന്നു പോയെന്ന് ചിലര്‍ കുശുമ്പ് പറഞ്ഞ് നടക്കുന്നതൊന്നും നൌഷാദിനെ ഏശിയിട്ടില്ല കേട്ടോ. എന്തായാലും നൌഷാദിനെ വെളുപ്പിച്ചെടുത്ത ആ മഹാനെ ഒന്ന് അഭിനന്ദിക്കണം!

അങ്ങനെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.ആദ്യം പോയത് റാസല്‍ഖൈമയിലേയ്ക്കാണ്.അവിടെ നൌഷാദിന്റെ ഒരു കൂട്ടുകാരനെ കാണാന്‍. അജ്മാന്‍ കഴിഞ്ഞ് അല്‍പ്പം മുന്‍പോട്ട് പോയപ്പോള്‍ തന്നെ ഭൂമിശാസ്ത്രം മാറാന്‍ തുടങ്ങിയിരുന്നു.നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന മരുഭൂമിയും, അതിലവിടവിടെ ഒരു അക്ഷരത്തെറ്റു പോലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന മരങ്ങളും.മരുഭൂമിയിലെ മരങ്ങള്‍ക്ക് ഒരു പ്രത്യേകത ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ഒരു കൂടാരം പോലെ അതിന്റെ ചില്ലകള്‍ നിലത്തേയ്ക്ക് ചായ്ഞ്ഞ് കിടക്കും.ശരിക്കും തണല്‍ നല്‍കാന്‍ വേണ്ടി തന്നെ!മരുഭൂമിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് തണല്‍ ആവശ്യം - അല്ലെ.?
അല്‍പ്പം കൂടി പോയപ്പോള്‍ , ഒരു പാട് കപ്പലുകള്‍! “മരുഭൂമിയിലെങ്ങിനെ കപ്പലുകള്‍ വന്നു “ എന്ന് ആശ്ചര്യപ്പെടാന്‍ വരട്ടെ!മരുഭൂമിയിലെ കപ്പലായ ഒട്ടകങ്ങളെയാണ് ഉദ്ദേശിച്ചത്.ഗാംഭീര്യം നിറഞ്ഞ ഒരു കാഴ്ച്ച തന്നെയാണത്.ഒരു കൂസലും ഇല്ലാതെയല്ലേ പൊരിവെയിലത്ത് ആശാന്റെ നില്‍പ്പ്.?ഒരു തവണ ഇബ്രാഹിം ഇതു വഴി വരുമ്പോള്‍ ചില ഇഷ്ടന്മാര്‍ റോഡില്‍ ഇറങ്ങി നിന്നത്രെ! കുറെ സമയം കഴിഞ്ഞാണത്രെ അവര്‍ക്ക് പോകാന്‍ കഴിഞ്ഞത്.”ഹും , അവിടെ നില്‍ക്ക് ! ഇതെന്റെ നാടാ..!! നീയൊക്കെ വിദേശികളല്ലെ?“ എന്നാകും അവന്മാരുടെ മനസ്സിലിരുപ്പ്.

ഏതായാലും നമ്മുടെ നാട്ടില്‍ മൃഗശാലയില്‍ അടിമകളായിക്കഴിയുന്ന ഇവരുടെ കൂട്ടുകാരെപ്പോലെയല്ല - നല്ല അരോഗ്യവാന്മാരാണ്, സ്വാതന്ത്ര്യത്തിന്റെ പ്രസരിപ്പ്..!

ഇവരെ കാണുമ്പോള്‍ ഒരു മാപ്പിളപ്പാട്ട് ചുണ്ടില്‍ ഊറിവരുന്നു :
" ഒട്ടകങ്ങള്‍ വരി വരി വരിയായ്
കാരക്ക മരങ്ങള്‍ നിര നിര നിരയായ്..”

അങ്ങനെ മരുഭൂമിയുടെ മാറില്‍ ഒരു കറുത്ത നൂലുപോലെ നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന എമിറേറ്റ്സ് ഹൈവേയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

(തുടരും..)
ചിത്രങ്ങള്‍ സഹിതം ഇതിന്റെ ബാക്കി ഭാഗം ഉടനെ പ്രതീക്ഷിക്കുക.വീണ്ടും വരുമല്ലോ?