Wednesday, November 01, 2006

പറമ്പന്തള്ളി ഷഷ്ഠി

Parambanthally Shashti Mahothsavam in Mullassery

ഷഷ്ഠി പാടൂര്‍ക്കാരുടെ ഉത്സവമല്ല;എന്നാല്‍, പാടൂര്‍കാര്‍ സജീവമായി പങ്കുകൊള്ളുന്ന ഉത്സവമാണ്. ഷഷ്ഠിയുടെ അന്ന് ചെറുപ്പകാലം തൊട്ടേ ഉള്ള ഒരു ഓര്‍മ്മ, അന്ന് സ്കൂളിന് അവധിയായിരുന്നു എന്നതാണ്.ഷഷ്ഠി മഹോത്സവം നടക്കുന്നത് , പറമ്പന്തള്ളി ശിവ ക്ഷേത്രത്തിലാണെങ്കിലും, പരിസരപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കെല്ലാം അന്ന് അവധിയായിരിക്കും.അതു കൊണ്ടു തന്നെ, ഷഷ്ഠി പാടൂര്‍കാര്‍ക്കും ഒരു ഉത്സവമാണ്.ചാവക്കാട് ജി-ടെകിലെ ബിനോയ് അയച്ചു തന്ന ചിത്രങ്ങളാണ് ഇവ.കണ്ടിട്ട്, അഭിപ്രായം പറയുമല്ലോ?



ഷഷ്ഠിയുടെ പ്രധാന ആകര്‍ഷണം, വൈവിധ്യമാര്‍ന്ന മനോഹരങ്ങളായ ഈ കാവടികളാണ്.ഇത് പൂക്കാവടി.




ഇത് നിലക്കാവടി: ഒരു പാട് നിലകളിലായി നിര്‍മിച്ചിരിക്കുന്ന ഇത് ഇപ്പോള്‍ കാണുമ്പോള്‍ ദോഹയിലെ ഷെരാട്ടണ്‍ ഹോട്ടലു പോലെ തോന്നും.ഇതും തലയില്‍ വച്ച് നൃത്തം ചെയ്യുന്നത് കാണുമ്പോള്‍ ശരിക്കും അന്തം വിട്ടുപോകും. കഴിഞ്ഞ ഷഷ്ഠിക്ക് ഇതിന്റെ മുകളില്‍ ഒരുപാട് പരീക്ഷണങ്ങള്‍ കണ്ടു-വൈദ്യുത ദീപങ്ങളും, സീഡി കളും കൊണ്ട് മനോഹരമായ പല അലങ്കാരങ്ങളും മറ്റും.





ഇപ്രാവശ്യം, ടാബ്ലോ ഇതു മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.എന്തായാലും നന്നായിട്ടുണ്ട് - അല്ലെ?


ഷഷ്ഠിയുടെ ഒരു പ്രധാന ആചാരം: ശൂലങ്ങള്‍ ശരീരത്തില്‍ തുളച്ചിട്ടുള്ള ഈ യാത്ര, എത്ര കണ്ടാലും ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ ഭയപ്പാടോടെ മാത്രം കാണാന്‍ കഴിയുന്ന കാഴ്ച്ച.വിശ്വാസത്തിന്റെ ശക്തി കാലം എത്ര കഴിഞ്ഞാലും കുറയില്ല-അല്ലെ?

കൂടുതല്‍ചിത്രങ്ങള്‍ ദാ ഇവിടെ

Monday, October 16, 2006

Padoor Peoples Ifthar Party in Doha, Qatar
നോമ്പ് ആദ്യ ആഴ്ച ദോഹയിലെ പാടൂര്‍ക്കാരുടെ നോമ്പ്തുറ ഉണ്ടായിരുന്നു.ജനിച്ച ശേഷം പേരു മാത്രം കേട്ടു പരിചയിച്ച കുറെ പാടൂര്‍ക്കാരെ കാണാന്‍ സാധിച്ചു.ഖത്തറില്‍ ഇത്ര അധികം പാടൂര്‍ക്കാര്‍ ഉണ്ടെന്ന് മനസ്സിലായത് അന്നാണ്. ദോഹയിലെ ബ്ലൂ-സ്റ്റാര്‍ റസ്റ്റൊറന്റില്‍ വച്ചായിരുന്നു പരിപാടി.കുറെ യുവരക്തങ്ങളും (അതോ രത്നങ്ങളൊ?) ഉണ്ടായിരുന്നു-ഇനിയുള്ള കാലം ഈ മണല്‍ക്കാട്ടിലെ നോമ്പും പെരുന്നാളും വിധിക്കപ്പെട്ടവര്‍!പഴയ തലമുറയിലെ പലരും പാടൂരിലെ നോമ്പും പെരുന്നാളും ഗൃഹാതുരത്വത്തോടെ ഓര്‍മിക്കുന്നവരാണ്.പാടൂരിലെ നോമ്പും പെരുന്നാളും ഭൂരിപക്ഷത്തിനും ഒരു വിദൂര ഓര്‍മ മാത്രം!പുത്തന്‍ തലമുറയ്ക്കാകട്ടെ, ഈ നോമ്പ്തുറ ഒരു കൌതുകമായെന്നു തോന്നുന്നു.വിദൂരമായ ഈ ദേശത്തു വച്ച്, നാട്ടുകാരെ, പ്രത്യേകിച്ച്, കൂട്ടുകാരെ കണ്ടതിലുള്ള സന്തോഷം എല്ലാ‍ മുഖത്തും തെളിഞ്ഞു കാണാം.എന്തായാലും, തലപെരുപ്പിക്കുന്ന ജീവിത പ്രാരാബ്ദങ്ങള്‍ക്കും, ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍‍ക്കും ഇടയില്‍ ഇത്തരം ഒത്തുചേരലുകള്‍ എത്ര സന്തോഷദായകം..!